ഓൺലൈൻ മദ്യവ്യാപാരം കൂടുതൽ കടകളിലേക്കു വ്യാപിപ്പിക്കുമെന്ന് ബവ്റിജസ് കോർപറേഷൻ. ഓൺലൈൻ മദ്യവ്യാപാരം നേട്ടമായത്തോടെയാണ് നടപടി. അടുത്ത മാസം തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി ഓൺലൈൻ ബുക്കിങ് തുടങ്ങും.
നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ.
തിരുവനന്തപുരത്തെ പഴവങ്ങാടി ഷോപ്പിൽ 215 പേർ ഓൺലൈനിലൂടെ ബുക്ക് ചെയ്തു, വരുമാനം 2,86,000 രൂപ. എറണാകുളം ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്തപ്പോൾ 7,47,330 രൂപ വരുമാനം കിട്ടി. കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്തു, വരുമാനം 3,27,000.
വിലകൂടിയ മദ്യങ്ങൾ മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ്ങിനുണ്ടായിരുന്നത്. എന്നിട്ടും ഇത്രയും തുക ലഭിച്ചത് മികച്ച പ്രതികരണമായി ബെവ്കോ കാണുന്നു. ഓൺലൈൻ സംവിധാനത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നടത്തിയ സർവേയിലും നല്ല അഭിപ്രായമാണ് ലഭിച്ചത്.
ശരാശരി 500 മദ്യ ഇനങ്ങളാണ് സാധാരണ ഷോപ്പിലുള്ളതെങ്കില് ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഏകദേശം 50 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. http:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്കിങ് ചെയ്യേണ്ടത്. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കണം.
Story highlight : bevco to extend online booking service for liquor sale.