കാട്ടാക്കട◾ മകനൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു. ഏറ് കൊണ്ട് അഞ്ചു വയസ്സുകാരനു കാലിൽ ഗുരുതര പരുക്കേറ്റു. യുവാവിന്റെ കാലിനും പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കാട്ടാക്കടയിലെ സ്വകാര്യ ബാറിനു മുന്നിലാണ് സംഭവം. വീരണകാവ് അരുവിക്കുഴി രജനീഷ് ഭവനിൽ രജനീഷ്(32) മകൻ ആദം ജോൺ(5) എന്നിവർക്കാണ് പരുക്കേറ്റത്.
രാത്രി കിള്ളിയിൽ നിന്നും വീരണകാവിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഇരുവരും. മകൻ സ്കൂട്ടറിനു മുന്നിൽ നിൽക്കുകയായിരുന്നു. ബാറിനു സമീപം എത്തിയപ്പോൾ കോമ്പൗണ്ടിൽ നിന്നും ബീയർ നിറച്ച ഒരു കുപ്പി തന്റെ സ്കൂട്ടറിനു നേരെ വന്നതായി രജനീഷ് പറഞ്ഞു. വലതു കാലിൽ തട്ടി ചിതറി. പിന്നാലെ വീണ്ടും ഒരു കുപ്പി കൂടി സ്കൂട്ടറിനു നേരെ വന്നു. ഇത് സ്കൂട്ടറിൽ തട്ടി പൊട്ടി മകന്റെ ഇടത് കാലിനു പരുക്കേറ്റു. ഉടൻ സ്കൂട്ടർ നിർത്തി ബാറിന്റെ ഗേറ്റിന് അടുത്തേക്ക് പോയപ്പോൾ ഇവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടം ബാറിനകത്തേക്ക് പോയി. ഈ സമയം അതുവഴി കാറിൽ വന്നവരാണ് കുപ്പി എറിഞ്ഞതെന്ന് പറഞ്ഞായിരുന്നു കൂടി നിന്നവർ ബാറിനുള്ളിലേക്ക് പോയതെന്നു രജനീഷ് പറഞ്ഞു.
മകന്റെ കാലിൽ 4 തുന്നലുണ്ട്. രാത്രി തന്നെ രജനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകി. തുടർന്ന് വധ ശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. ബാറിനു മുന്നിലും സമീപത്തും അക്രമം പതിവായതായി നേരത്തെ ആക്ഷേപമുണ്ട്. മദ്യപ സംഘം ബാറിലുണ്ടാക്കുന്ന അടിപിടികൾ റോഡിലേക്ക് വ്യാപിക്കുക പതിവാണ്. ഇത് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. നിരപരാധികൾക്ക് മർദനമേൽക്കുന്നതും പതിവാണ്.
Story Highlights: A five-year-old boy was injured after being hit by a beer bottle thrown from a bar in Kattakada, Kerala.