ആലപ്പുഴയിൽ വയോധികയായ സുഭദ്രയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. മാത്യുവും ഷർമിളയും ചേർന്നാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിൽ സുഭദ്രയുടെ വാരിയെല്ലുകൾ പൂർണമായും തകർന്നതോടൊപ്പം കഴുത്തും ഒടിഞ്ഞിരുന്നു.
മൃതദേഹം കണ്ടെത്തിയ ചൊവ്വാഴ്ച വരെ എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ പ്രതികൾ പിന്നീട് ട്രെയിൻ മാർഗം രക്ഷപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം മണിപ്പാലിൽ വച്ച് യാത്രാമധ്യേ ഇരുവരും പൊലീസ് പിടിയിലായി. കഴിഞ്ഞമാസം ഉഡുപ്പിയിലെത്തി സ്വർണം പണയം വച്ച ശേഷം കേരളത്തിലെത്തിയ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ അന്വേഷണസംഘം മൂന്നു ദിവസങ്ങൾക്ക് മുൻപേ ഉഡുപ്പിയിൽ എത്തിയിരുന്നു.
പ്രതി ഷർമിള ഉഡുപ്പി സ്വദേശിയാണെന്ന വിവരം ലഭിച്ചതോടെ അവിടെ എത്തുമെന്ന സാധ്യത കണക്കാക്കി അന്വേഷണസംഘം വല വിരിച്ചു. തുടർന്നാണ് ഇരുവരെയും ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള മണിപ്പാലിൽ നിന്ന് പിടികൂടിയത്. 52 വയസാണ് ഷർമിളയുടെ പ്രായമെങ്കിലും 32 വയസ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാത്യൂസിനെ വിവാഹം കഴിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഷർമിളയ്ക്ക് ഇന്ത്യയിലെ ഏഴു ഭാഷകൾ അറിയാമെന്നും, എന്നാൽ മാത്യൂസിന്റെ വിദ്യാഭ്യാസം ഏഴാം ക്ലാസ് മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: Elderly woman brutally murdered in Alappuzha, suspects arrested in Manipal