സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ഗായകൻ അദ്നാൻ സമി. അദ്നാൻ സമിയുടെ പിതാവ് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്നതായിരുന്നു സമൂഹ മാധ്യമങ്ങൾ പ്രചരിച്ച ട്രോള്. ഇന്ത്യയും പാക്കിസ്ഥാനും അടുത്തടുത്ത ദിവസങ്ങളിലായി സ്വാതന്ത്ര്യദിനം ആഘോഷിക്കവെയാണ് സമി ഇങ്ങനെയൊരു ചോദ്യം സമൂഹമാധ്യമങ്ങളിൽ നിന്നും നേരിടേണ്ടി വന്നത്.
അദ്നാൻ സമിയുടെ ജന്മദിനം ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം തന്നെയാണ്. തലേദിവസം സ്വാതന്ത്ര്യദിനം ആചരിച്ച പാക്കിസ്ഥാനാണോ സമിയുടെ പിതാവെന്ന ദുരുദ്ദേശപരമായ ചോദ്യത്തിനാണ് സമി കടുത്ത മറുപടി നൽകിയത്.
ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള വ്യക്തിയെന്ന നിലയിൽ സമി ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനാഘോഷ വേളയിൽ തന്റെ ജന്മദിനം ആഘോഷിക്കുന്നുവെന്നത് രസകരമായ ഒരു യഥാർത്യമാണ്. 2016ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനു പിന്നാലെ പാക്കിസ്ഥാനിൽ നിന്നും കടുത്ത വിമർശനമാണ് സമി നേരിടേണ്ടിവരുന്നത്.
പാക്കിസ്ഥാന് ‘പിതൃദിനാശംസകൾ’ നേരണമെന്നാവശ്യപ്പെട്ട് ഒരാൾ അദ്നാൻ സമിക്ക് ട്വിറ്ററിലൂടെ കുറിപ്പെഴുതിയിരുന്നു. എന്നാൽ ആഗസ്റ്റ് 13ന് ട്വീറ്റ് വന്നതിനാൽ സ്വാതന്ത്ര്യദിനത്തിനായി രണ്ട് ദിവസം ഇനിയും അവശേഷിക്കുന്നുവെന്നും നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമായിരുന്നു സമിയുടെ മറുപടി.
പാക്കിസ്ഥൻ ഇന്ത്യക്ക് ഒരു ദിവസം മുൻപ് സ്വാതന്ത്ര്യദിനാഘോഷം നടത്തുമ്പോൾ ഏതു രാജ്യമാണ് അദ്നാൻ സമിയുടെ ‘പിതാവ്’ എന്നായിരുന്നു ട്വീറ്റിന് മറ്റൊരാളുടെ മറുചോദ്യം. എന്നാൽ ഇന്ത്യയുടെ ഉദരത്തിൽ നിന്നുമാണ് ആഗസ്റ്റ് 14 ന് പാക്കിസ്ഥാൻ പിറവികൊണ്ടതെന്നായിരുന്നു അദ്നാൻ സമിയുടെ കുറിക്ക്കൊള്ളുന്ന മറുപടി.
ആഗസ്റ്റ് 15 നാണ് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. എന്നാൽ പാക്കിസ്ഥാനാണ് ഇന്ത്യയിൽ നിന്ന് ജനിച്ചതെന്നും അപ്പോൾ അച്ഛൻ ആരാണെന്ന് നിങ്ങൾ തന്നെ മനസിലാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം മറുപടി നൽകി.
Story highlight: Adnan Sami’s reply to the trolls in Social media.