നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിക്കളഞ്ഞു. വിചാരണയുടെ വിവരങ്ങൾ പൊതുജനം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. കേസിന്റെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ ഇത് സഹായകമാകുമെന്നായിരുന്നു അതിജീവിതയുടെ വാദം.
ഈ കേസുമായി ബന്ധപ്പെട്ട് അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് ഈ നീക്കം.
2017 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ചാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിലെ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം അടുത്തിടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ബാലചന്ദ്രകുമാർ അടുത്തിടെ അന്തരിച്ചതും ശ്രദ്ധേയമാണ്.
Story Highlights: Actress assault case: Court dismisses survivor’s plea for open court trial