യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് രണ്ടാം തവണയായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നത്. ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫും സ്ഥലത്തെത്തിയിരുന്നു.
സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയ ശേഷമാണ് സിദ്ദിഖിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കഴിഞ്ഞ തവണ രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം സിദ്ദിഖിനെ വിട്ടയച്ചിരുന്നു. എന്നാൽ, ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് അന്ന് ശേഖരിച്ചത്. കേസിനടിസ്ഥാനമായ ഡിജിറ്റൽ രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് സിദ്ദിഖ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ അന്വേഷണസംഘത്തിന് സിദ്ദിഖിനെ കസ്റ്റഡിയിൽ വയ്ക്കാൻ ആവശ്യപ്പെടാനാകില്ല. വിചാരണക്കോടതി ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യത്തെളിവുകൾ കണ്ടെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
Story Highlights: Actor Siddique appears before investigation team for second time in rape case