ബെംഗളൂരു (കർണാടക)◾: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. 2022 മുതൽ എൻജിൻ തകരാറിനെ തുടർന്ന് പ്രവർത്തിക്കാതെ ബംഗളൂരു വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇൻഡിഗോ എ 320 വിമാനത്തിലാണ് വാഹനം ചെന്നിടിച്ചത്.
വിമാനത്താവളത്തിലെ എയർ സൈഡിൽ പാർക്കിംഗ് ബേ (71 ആൽഫ)യിൽ ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. ആകാശ എയർ വിമാന കമ്പനിയുടെ ജീവനക്കാരെ ഓഫീസിൽ നിന്നും എയർക്രാഫ്റ്റ് ബേയിലേക്ക് എത്തിക്കുന്നതിനായാണ് ടെമ്പോ ട്രാവലർ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.
ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത്. അപകട സമയത്ത് വാഹനത്തിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനം വിമാനത്തിൽ ഇടിച്ച ശേഷമാണ് ഡ്രൈവർ ഉറക്കം വിട്ടുണർന്നതെന്നും റിപ്പോർട്ടുണ്ട്. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനം നടത്തിയതായും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇൻഡിഗോ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
Story Highlights: A tempo traveler crashed into a parked IndiGo aircraft at Bengaluru’s Kempegowda International Airport due to the driver falling asleep.