ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ഇതോടെ ആകെ 124 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് സംസ്ഥാനത്ത് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിനും കൊല്ലത്തെ ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനും വയനാട്ടിലെ മുണ്ടേരി കൽപ്പറ്റ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനുമാണ് 96.4%, 93.5%, 91.92% എന്നിങ്ങനെ യഥാക്രമം ഗുണനിലവാര സ്കോറിൽ അംഗീകാരം ലഭിച്ചത്.
മൂന്നു വർഷ കാലാവധിയുള്ള എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടു ലക്ഷം രൂപ വാർഷിക ഇൻസെന്റീവ് ലഭിക്കും.
മറ്റ് ആശുപത്രികളിലെ ഓരോ കിടക്കയ്ക്കും 10000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കുന്നതാണ്.
അംഗീകാരവും ഇൻസെന്റീവും ആശുപത്രിയുടെ വികസനത്തിന് സഹായകമാകും. രാജ്യത്തെ ആദ്യ 12 സ്ഥാനങ്ങളിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കേരളത്തിലേതാണ്.
Story Highlights: NQAS Rating for hospitals in kerala.