ശ്രീനഗർ: തോക്ക് ലൈസൻസുകൾ അനധികൃതമായി നൽകിയെന്ന ആരോപണത്തിൽ സംശയനിഴലിലാണ് ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്ട്രേട്ടുമാർ. 2012 മുതൽ തോക്കു ലൈസൻസുകൾ ആയുധക്കടത്തുക്കാർക്ക് വേണ്ടി നൽകിയെന്ന സംഭവം അന്വേഷിക്കുയാണ് ഇപ്പോൾ സിബിഐ.
ആയുധ ലൈസൻസ് റാക്കറ്റുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 40 സ്ഥലങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. 2.78 ലക്ഷത്തിലധികം ലൈസൻസുകൾ പണത്തിനുവേണ്ടി ജില്ലാ മജിസ്ട്രേട്ടുമാർ നൽകിയെന്ന് സിബിഐ പറയുന്നു.ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ ലൈസൻസ് തട്ടിപ്പ് ആണെന്ന് കരുതപ്പെടുന്നു.
ജമ്മു കശ്മീരിലെ ആയുധ ലൈസൻസ് റാക്കറ്റുമായി ബന്ധപ്പെട്ട് 40 സ്ഥലങ്ങളിൽ സിബിഐ സംഘം റെയ്ഡ് നടത്തി. ഷഹീദ് ഇഖ്ബാൽ ചൗധരി, നീരജ് കുമാർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, ചൗധരി തന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുറ്റം ചുമത്തേണ്ട തരത്തിലുള്ളവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ അദ്ദേഹം ചില കാര്യങ്ങളിൽ പിഴവുണ്ടായതായും സമ്മതിച്ചു.
ജമ്മു കശ്മീരിൽനിന്ന് ലഭിച്ച ആയുധ ലൈസൻസുള്ള ക്രിമിനലുകളെ 2017ൽ രാജസ്ഥാൻ പൊലീസിലെ ഭീകര വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. അനധികൃത റാക്കറ്റിന്റെ ചുരുളഴിഞ്ഞത് ഇതേതുടന്നാണ്.
3000ൽ ഏറെ ലൈസൻസുകൾ സൈനികരുടെ വ്യാജ പേരിൽ കണ്ടെത്താനായി. അന്നത്തെ ഗവർണർ എൻ.എൻ. വോറ 2018ൽ ഗവർണർ ഭരണം വന്നതോടെ കേസ് സിബിഐക്ക് കൈമാറി.
ഐഎഎസ് ഉദ്യോഗസ്ഥരായ കുമാർ രാജീവ് രഞ്ജൻ, ഇത്രത് റാഫിഖ്വി എന്നിവരെ സംഭവത്തിൽ കഴിഞ്ഞ മാർച്ചിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി ഇവരും 1000ൽ അധികം ആയുധ ലൈസൻസുകൾ നൽകിയെന്നാണ് കണ്ടെത്താനായത്.
Story highlight: Fake gun license in the name of soldiers in Kashmir.