പെരുമ്പാവൂരിൽ സ്വകാര്യ ബസ്സിൽ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സബീർ അഹമ്മദിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കാലടിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സബീർ യാത്ര ചെയ്തിരുന്നത്. ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. ഞായറാഴ്ച പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്താനായിരുന്നു സബീറിന്റെ പദ്ധതി.
സ്വർണ്ണക്കട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ട് അസം സ്വദേശികളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സ്വർണത്തിന് 12 ലക്ഷം രൂപയാണ് വില ഉറപ്പിച്ചത്. ആദ്യ ഗഡുവായി ആറ് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പ്രതികൾ മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Bengal native arrested in Perumbavoor for smuggling cannabis on a private bus.