എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ഉയർന്നുവന്ന നിലയിലും കെ രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ് സമ്പത്തിന്റെ നിയമനം എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷിന്റെ കുറിപ്പ് ;
സംസ്ഥാന പട്ടിക ജാതി, പട്ടിക വര്ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുന് എംപിയും ഡല്ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തില് നിന്ന് സ്വപ്രയത്നം കൊണ്ട് ഉയര്ന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.
കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാകൃഷ്ണന് മേലേക്കൂടി എ സമ്പത്തിനെപ്പോലെയൊരു നേതാവിനെ ‘ഷാഡോ മിനിസ്റ്റര്’ ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തിന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെയും സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്. കെ.രാധാകൃഷ്ണന്റെ ‘റിമോട്ട് കണ്ട്രോള്’ ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കില് അത് ചോദ്യം ചെയ്യാനുള്ള ആര്ജവം രാധാകൃഷ്ണന് കാണിക്കേണ്ടതാണ്.
ഒപ്പം തന്നെ എ.സമ്പത്തെന്ന, ‘സി.പി.എം വെള്ളാന’യെ നികുതിപ്പണം നല്കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള് തന്നെ ചോദിക്കേണ്ട കാലം അടുത്തു. കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൌണ് കാലഘട്ടം മുഴുവനും ഡല്ഹിയില് സര്ക്കാരിന്റെ പ്രതിനിധിയായി പ്രവര്ത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനന്തപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിര്വഹിക്കുന്നതില് പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികള്ക്ക് ഡല്ഹിയില് പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉള്പ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസില് നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓര്ക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ രാധാകൃഷ്ണന്റെ ഓഫിസിനു മേല് ‘സൂപ്പര് മന്ത്രിയായി’ അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനം.
Story Highlights: Kodikunnil Suresh said that appointing A Sampath as the private secretary of Minister K Radhakrishnan is tantamount to mocking K Radhakrishnan’s ability and achievements.