പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട പെൺകുട്ടി വീണ്ടും ഭർത്താവിനെതിരെ പരാതി നൽകിയിരിക്കുകയാണ്. മദ്യപിച്ചെത്തിയ ഭർത്താവ് രാഹുൽ പി ഗോപാൽ ക്രൂരമായി മർദിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭർതൃപീഡനം, നരഹത്യാശ്രമം എന്നീ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പോലീസ് കേസെടുത്തു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മീൻകറിയിൽ പുളിയില്ലെന്ന് പറഞ്ഞ് മർദ്ദിച്ചുവെന്നും മുൻപും രാഹുൽ മർദ്ദിച്ചിട്ടുണ്ടെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനമേറ്റതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സ തേടി. വിവരമറിഞ്ഞതിനെ തുടർന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
നേരത്തെ, യുവതി നൽകിയ പരാതിയിൽ രാഹുലിനെതിരെ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാൽ, യുവതി പരാതി പിൻവലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താൽപര്യം എന്ന് യുവതി അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. എന്നാൽ ഇപ്പോൾ വീണ്ടും യുവതി പരാതി നൽകിയിരിക്കുകയാണ്.
Story Highlights: Pantheerankavu domestic violence case: Victim again accuses husband of physical abuse