തൃശൂർ നാട്ടിക അപകടത്തിൽ പരിക്കേറ്റ രമേശ് നിർണായക വെളിപ്പെടുത്തൽ നടത്തി. ലോറി ബോധപൂർവ്വം പിന്നോട്ടെടുത്ത് തന്റെ മകന്റെയും ഭാര്യയുടെയും ശരീരത്തിലൂടെ കയറ്റിയിറക്കിയെന്ന് രമേശ് പറഞ്ഞു. ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ രണ്ടു പ്രാവശ്യം പുറകോട്ട് എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോറി പുറകോട്ട് എടുക്കാതിരുന്നെങ്കിൽ രണ്ട് ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്നും രമേശ് കൂട്ടിച്ചേർത്തു.
പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഒരു വയസുള്ള വിശ്വ, നാലുവയസുള്ള ജീവൻ എന്നീ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനാണ് പൊലിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു തടിലോറി. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനും എതിരെ മനപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി അപകടത്തിന്റെ കൂടുതൽ തെളിവുകളും ശേഖരിച്ചു.
Story Highlights: Injured man reveals crucial details about Thrissur accident, claims lorry deliberately reversed over victims