കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) അറസ്റ്റിലായി. കരിപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരിപ്പൂർ-അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ഭീഷണി ഉയർത്തിയത്.
കഴിഞ്ഞ 29-ാം തീയതി കരിപ്പൂർ എയർപ്പോർട്ട് ഡയറക്ടർക്ക് ഇ-മെയിൽ വഴിയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെയായിരുന്നു ഇത്. കരിപ്പൂർ-അബുദാബി വിമാനം റദ്ദാക്കണമെന്നും അല്ലെങ്കിൽ വിമാനം പൂർണമായും തകരുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. യാത്രക്കാരുടെ കുടുംബങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും വിമാനം അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും ഭീഷണിയിൽ ആവശ്യപ്പെട്ടു.
കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: First arrest made in fake bomb threat case at Karipur airport