നൃത്ത പരിശീലനത്തിൻ്റെ പേരിൽ നാലാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകന് 80 വർഷം കഠിന തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതിയാണ് കോടിക്കുളം കോട്ടക്കവല നടുക്കുടിയിൽ സോയസ് ജോർജിനെ ശിക്ഷിച്ചത്. 2015-ലെ നവംബർ, ഡിസംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൃത്ത പരിശീലനത്തിന് എന്ന പേരിൽ 10 വയസ്സുകാരനായ വിദ്യാർഥിയെ കൊണ്ടുപോയി അധ്യാപകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു ശേഷം വിഷയം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടർന്ന് സ്കൂളിൽ പോകാൻ കുട്ടി മടി കാണിക്കുകയും, മറ്റൊരു സ്കൂളിലേക്ക് മാറ്റിയപ്പോഴും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. അവിടെ നടത്തിയ കൗൺസിലിങിലാണ് പീഡനത്തെ പറ്റി കുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടർ ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ കുട്ടിയുടെ സഹപാഠിയെയും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കോടതി അധ്യാപകനായ പ്രതിയ്ക്ക് 80 വർഷം കഠിനതടവും 4,55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടക്കാത്ത പക്ഷം എട്ടു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. എന്നാൽ, വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയുള്ള ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതിയ്ക്ക് 20 വർഷം കഠിനതടവ് അനുഭവിക്കേണ്ടി വരും. പിഴത്തുകയിൽ നിന്നും 2 ലക്ഷം രൂപ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
Story Highlights: Teacher sentenced to 80 years rigorous imprisonment for sexually abusing 4th grade student under pretext of dance training