കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിലെ പ്രതിയായ ദിവ്യയുടെ തിരോധാനം പോലീസിനെ കുഴക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും, ദിവ്യയുടെ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുന്നതായി റിപ്പോർട്ടുകളുണ്ട്.
കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെക്ഷൻ കോടതി നാളെ വിധി പറയുമെന്നും അറിയുന്നു.
അതേസമയം, ADM കെ നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിക്ക് കൈമാറും. ADM ഉൾപ്പെടെ ഡെപ്യൂട്ടി കലക്ടർമാരുടെ ചുമതലകളും ഫയൽ നീക്കങ്ങളും സംബന്ധിച്ച പൊതുനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് സമർപ്പിക്കും. എക്സ്പ്ലോസീവ് പരിധിയിൽ വരുന്ന അപേക്ഷകളിൽ അടക്കം നടപടികൾ സ്വീകരിക്കാൻ സമയബന്ധിതമായ സംവിധാനം വേണമെന്നതും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായിരിക്കും.
Story Highlights: Police unable to locate PP Divya, prime suspect in ADM Naveen Babu’s death case