സാമൂഹികമാധ്യമങ്ങളിലൂടെ യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും കവർന്നെടുക്കുകയും ചെയ്ത കേസിൽ പ്രതി പൊലീസ് പിടിയിലായി. കോട്ടയം കൊടുങ്ങല്ലൂർ വാഴൂർ പരിയാരത്ത് വീട്ടിൽ കൃഷ്ണരാജ് (24) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ മുദാക്കൽ വാളക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമാ നിർമാതാവെന്ന വ്യാജേന പ്രൊഫൈൽ സൃഷ്ടിച്ചാണ് കൃഷ്ണരാജ് തട്ടിപ്പ് നടത്തിയത്. സമ്പന്ന കുടുംബങ്ങളിലെ യുവതികളെ ലക്ഷ്യമിട്ട് ആകർഷകമായ റീൽസ് ചെയ്ത് അവരെ വശീകരിക്കും. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കും.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ പ്രതി കണ്ണൂരിലുണ്ടെന്ന വിവരം ലഭിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.മഞ്ജുലാലിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്നും സിനിമകളിൽ അവസരം നൽകാമെന്നും പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Man arrested for sexually exploiting and extorting women through social media in Kerala