നടൻ സിദ്ദിഖ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി. പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നുവെന്നും സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നുമാണ് പരാതി. ചിത്രീകരണ സ്ഥലത്തും മറ്റു സ്ഥലങ്ങളിലും സിവിൽ വേഷത്തിലുള്ള പൊലീസുകാർ തന്നെ നിരീക്ഷിക്കുന്നതായി സിദ്ദിഖ് ആരോപിക്കുന്നു. മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
സിദ്ദിഖിന്റെ പരാതി ഡിജിപി എറണാകുളം സെൻട്രൽ എസിപിക്ക് കൈമാറി. നടൻ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നിവ കണ്ടെത്താനാണ് നിരീക്ഷണമെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് ആരോപിക്കുന്നു.
തിരുവനന്തപുരത്ത് രണ്ടാം തവണയും സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഹോട്ടലിൽ നടിയെ കണ്ടിട്ടില്ലെന്ന മൊഴിയിൽ സിദ്ദിഖ് ഉറച്ചുനിൽക്കുന്നു. 2016 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ദിഖ് നിഷേധിച്ചു. 2016-17 കാലഘട്ടത്തിലെ ഡിജിറ്റൽ ഉപകരണങ്ങൾ കൈവശമില്ലെന്നും സിദ്ദിഖ് പറയുന്നു. ഇനി കോടതിയിൽ കാണാമെന്ന നിലപാടിലാണ് അന്വേഷണസംഘം.
Story Highlights: Actor Siddique files complaint against police for constant surveillance and interference