ഷിരൂരിലെ അർജുന്റെ അപകടത്തിൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഈശ്വർ മൽപെ. 48 വയസ്സുള്ള ഇദ്ദേഹം നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. 20-ലധികം ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കുകയും 200-ലധികം മൃതദേഹങ്ങൾ കരയ്ക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. മൽപെ ബീച്ചിന് സമീപം ഭാര്യയും രണ്ട് മക്കളുമൊപ്പമാണ് താമസം. മൂന്ന് മക്കളാണുണ്ടായിരുന്നത്, എല്ലാവരും ഭിന്നശേഷിക്കാർ. മൂത്ത മകൻ നിരഞ്ജൻ 21-ാം വയസ്സിൽ മരണപ്പെട്ടു.
മൽപെയുടെ മാതാപിതാക്കൾ അടുത്തിടെയാണ് മരിച്ചത്. അർജുന്റെ അപകടം നടന്നതിന് രണ്ട് ദിവസം മുമ്പാണ് മാതാവ് മരിച്ചത്. എന്നിട്ടും അദ്ദേഹം തിരച്ചിലിനായി എത്തി. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും പണം ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് മൽപെ പറയുന്നു. മരിച്ച മകന്റെ പേരിൽ ഒരു ആംബുലൻസ് തുടങ്ങണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഷിരൂരിലെ അപകടത്തിൽ താൻ ചെയ്തത് ദൈവത്തിനറിയാമെന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു. തന്റെ യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണ് നൽകുന്നത്. തനിക്കെതിരെയുള്ള കേസുകൾ വ്യാജ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷിരൂർ തിരച്ചിൽ വിഷയത്തിൽ താനിനി വിവാദത്തിനില്ലെന്നും പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്തതല്ലെന്നും മൽപെ കൂട്ടിച്ചേർത്തു.
Story Highlights: Eshwar Malpe, known as ‘Aquaman’, rescues people and retrieves bodies in disasters, facing personal challenges with disabled children.