പ്രയാഗ്രാജിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വഴിപാടായി മധുരപലഹാരങ്ങൾ നൽകേണ്ടെന്ന് ക്ഷേത്രകമ്മിറ്റികൾ നിർദേശിച്ചു. ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവി ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പേഡ, ലഡു തുടങ്ങിയവയ്ക്ക് പകരം പഴങ്ങളും പൂക്കളും നൽകാനാണ് നിർദേശം.
പ്രയാഗ്രാജിലെ പ്രശസ്തമായ ലളിത ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മുറാത് മിശ്രയുടെ അഭിപ്രായത്തിൽ, ദേവതകൾക്ക് വഴിപാടായി മധുരപലഹാരങ്ങൾക്ക് പകരം തേങ്ങ, ഫലവർഗങ്ങൾ, ഡ്രൈഫ്രൂട്ട്സ്, ഏലം എന്നിവ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്തർക്ക് കലർപ്പില്ലാത്ത മധുരപലഹാരങ്ങൾ ലഭ്യമാക്കുന്ന കടകൾ ക്ഷേത്രപരിസരത്ത് തന്നെ തുറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിൾ പരിശോധിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദത്തിന് പിന്നാലെയാണ് ഈ തീരുമാനം. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദമായിരുന്നു. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നും നായിഡു ആരോപിച്ചിരുന്നു.
Story Highlights: Prayagraj temples ask devotees to offer coconut, fruits instead of sweets