മഹാ കുംഭമേളയിൽ പങ്കെടുത്ത 55 കോടി 40 ലക്ഷം ഭക്തരിൽ ഒരാളായി മുൻ ISRO ചെയർമാൻ എസ്. സോമനാഥും. കുടുംബത്തോടൊപ്പം പ്രയാഗ്രാജിലെത്തിയ സോമനാഥ്, ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു. പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു സ്നാനം. സാധാരണക്കാർക്കൊപ്പം ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും സോമനാഥ് കൂട്ടിച്ചേർത്തു. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മഹാകുംഭമേളയിൽ എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങൾ മോശമായി ചിത്രീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് നടപടിയെടുത്തു. സ്ത്രീകൾ സ്നാനം ചെയ്യുന്നത് അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
മേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സാമൂഹ്യമാധ്യമ കണ്ടെന്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് നടപടി. ഉത്തർപ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 17നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീകൾ സ്നാനം ചെയ്യുന്നതും വസ്ത്രം മാറുന്നതുമായ ദൃശ്യങ്ങൾ ചില പ്ലാറ്റ്ഫോമുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. കോത്വാലി കുംഭമേള പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇത്തരത്തിലുള്ള വീഡിയോകൾ വിൽക്കാനായി വച്ച ടെലഗ്രാം ചാനലിനെതിരെയാണ് രണ്ടാമത്തെ കേസ്. ഇന്നലെയാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. ചാനലിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
Story Highlights: Former ISRO chairman S. Somanath took a holy dip at the Triveni Sangam during the Maha Kumbh Mela.