പ്രയാഗ്രാജിലെ മഹാകുംഭമേളയിലെ ശിവരാത്രി സ്നാനത്തിന് വൻ ജനപ്രവാഹം എത്തിച്ചേർന്നു. 2025-ലെ മഹാകുംഭമേള, ശിവരാത്രി സ്നാനത്തോടെ സമാപിച്ചു. ത്രിവേണി സംഗമത്തിൽ ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയിൽ 63.36 കോടി തീർത്ഥാടകർ പുണ്യസ്നാനം ചെയ്തതായി ഉത്തർപ്രദേശ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാകുംഭമേളയിൽ പങ്കെടുത്ത ആകെ തീർത്ഥാടകരുടെ എണ്ണം 64 കോടി കവിഞ്ഞു.
2027-ൽ നാസിക്കിലും 2031-ൽ വീണ്ടും പ്രയാഗ്രാജിലുമാണ് അടുത്ത കുംഭമേളകൾ നടക്കുക. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ പ്രതിദിനം ശരാശരി 1.25 കോടി തീർത്ഥാടകർ സ്നാനത്തിനെത്തി. മഹാശിവരാത്രി സ്നാനത്തിന് രണ്ട് കോടിയോളം തീർത്ഥാടകരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, അതിലുമധികം പേർ എത്തിച്ചേർന്നു.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണിയിലാണ് കുംഭമേള നടക്കുന്നത്. മഹാകുംഭമേളയിലെ ആറ് അമൃതസ്നാനങ്ങളിൽ പൊതുജനങ്ങൾക്കായുള്ളതാണ് മഹാശിവരാത്രിയിലെ സ്നാനം. വൻ ജനത്തിരക്കിനെ തുടർന്ന് മേളനഗരിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
നേരത്തെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യസഹായം, ശുചീകരണം തുടങ്ങിയവയ്ക്കും പ്രത്യേക സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കി. പ്രയാഗ്രാജിൽ നിന്നും 350 ഓളം പ്രത്യേക ട്രെയിനുകളും ക്രമീകരിച്ചിരുന്നു. മഹാശിവരാത്രി സ്നാനത്തോടെ ഈ വർഷത്തെ കുംഭമേളയുടെ തീർത്ഥാടന സംഗമം പൂർണമായി.
Story Highlights: The Maha Kumbh 2025 concluded with the final holy bath on Maha Shivratri, witnessing a massive influx of devotees.