തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി) വിശദീകരണവുമായി രംഗത്തെത്തി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഭക്തർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്തരുടെ വിശുദ്ധി സംരക്ഷിക്കാൻ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
നെയ്യിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. മായം കലർന്ന നെയ്യ് വിതരണം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തിലാണെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള പറഞ്ഞു. നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡിന്റെ (എൻഡിഡിബി) പരിശോധനാ സംവിധാനം ഡിസംബറിലോ ജനുവരിയിലോ പ്രവർത്തനക്ഷമമാകുമെന്നും അവർ അറിയിച്ചു.
അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യുടെ ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പാക്കുമെന്ന് ശ്യാമള റാവു പറഞ്ഞു. ലോകപ്രശസ്തമായ തിരുപ്പതി ലഡ്ഡുവിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ടിടിഡി സ്വീകരിക്കുന്ന നടപടികൾ ഭക്തരുടെ ആശങ്ക അകറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Tirupati Devasthanam assures devotees of purity in laddu preparation, plans to install machine to detect adulteration in ghee