തിരുപ്പതിയിൽ ജനുവരി 12 ന് റിലീസ് ചെയ്ത ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദർശനത്തിന് മുമ്പ് ആടിനെ ബലി നൽകിയ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സിനിമാ റിലീസ് ദിവസം ആടിനെ ബലി നൽകി, അതിന്റെ രക്തം സിനിമയിൽ പ്രധാന വേഷം ചെയ്ത നടൻ എൻ. ബാലകൃഷ്ണയുടെ പോസ്റ്ററിൽ പുരട്ടുകയായിരുന്നു. ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
പുലർച്ചെ 3 മണിയോടെയാണ് ആടിനെ ബലി നൽകിയതെന്ന് പോലീസ് പറഞ്ഞു. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകർ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരിൽ ഒരാൾ ആടിന്റെ തലയറുക്കാൻ അരിവാൾ എടുക്കുന്നതടക്കമുള്ള വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായി. ‘പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്’ എന്ന സംഘടന ഇമെയിലിൽ എസ്പിക്ക് അയച്ച പരാതിയിലാണ് നടപടി.
പ്രശസ്ത തെലുങ്ക് നടനും ഹിന്ദുപുർ എംഎൽഎയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭർത്താവാണ്. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12 നാണ് ബാലകൃഷ്ണ അഭിനയിച്ച സിനിമ റിലീസ് ചെയ്തത്. ഈ സിനിമാ പ്രദർശനത്തോടനുബന്ധിച്ചാണ് തിയേറ്ററിൽ ആടിനെ ബലി നൽകിയത്.
Story Highlights: Five arrested for sacrificing a goat during a film screening in Tirupati.