പൂനെയിൽ അമിതജോലിഭാരത്തെ തുടർന്ന് 26 കാരിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ EY കമ്പനി അധികൃതർ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. പൂനെയിലെ സീനിയർ മാനേജർ അടക്കമുള്ള സംഘമാണ് കൊച്ചിയിലെ വീട്ടിലെത്തിയത്. അന്നയുടെ മരണത്തിൽ അന്വേഷണം നടത്താമെന്ന് കമ്പനി അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
ഏണസ്റ്റ് ആന്ഡ് യങ്ങിൽ (EY) ജോലിക്ക് കയറി നാല് മാസങ്ങൾക്ക് ശേഷമാണ് അന്ന മരണപ്പെടുന്നത്. ജൂലായ് 20ന് പൂനെയിലെ താമസസ്ഥലത്ത് ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല് മീഡിയയില് അടക്കം ചര്ച്ച സജീവമായത്.
അതേസമയം, അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായ തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. അന്നയുടെ മരണം അതിദാരുണമാണെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ഏണസ്റ്റ് ആന്ഡ് യങ് അധികൃതരും അറിയിച്ചു.
തുടക്കക്കാര്ക്ക് ഇത്ര ജോലിഭാരം നല്കുന്നതിനും ഞായറാഴ്ചകളില് പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് അന്നയുടെ അമ്മ കത്തില് പറയുന്നു. ജൂലായ് ആറിനു അവളുടെ കോണ്വൊക്കേഷനായി മാതാപിതാക്കൾ പുനെയിലെത്തിയപ്പോൾ അന്ന നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർ പരിശോധനയിൽ ഇസിജിയില് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്നമെന്ന് ഡോക്ടര് പറഞ്ഞു.
അന്നയുടെ മരണത്തിൽ മുൻ സഹപ്രവർത്തകരുടെ എക്സ് പോസ്റ്റുകൾ ശ്രദ്ധേയമായിരുന്നു. അന്നയുടെ മാനേജർമാരായ റിധി കെജ്രിവാളിനും അനിമേഷ് ജെയിനിനുമെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായി. കത്തിൽ ചിത്രീകരിച്ചതിനേക്കാൾ മോശമാണ് ഇവിടുത്തെ അവസ്ഥയെന്നും അന്നയുടെ മാനേജർമാരായിരുന്നവർ യഥാർത്ഥത്തിൽ തങ്ങളുടെ സൗകര്യങ്ങൾക്കാണ് മുൻഗണന നല്കുന്നതെന്നും ആരുടെയും സമയത്തിനെയോ പ്രയത്നത്തിനെയോ അവർ മാനിക്കുന്നില്ലെന്നും അന്നയുടെ സഹപ്രവർത്തകൻ പറഞ്ഞു.
Story Highlights: EY officials visit Anna Sebastian’s family, promise investigation into her death due to overwork