കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് (EY) യിൽ ജോലി ചെയ്തിരുന്ന അന്ന, അമിത ജോലിഭാരത്തെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു.
അന്നയുടെ അമ്മ അനിത അഗസ്റ്റിൻ, EY കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിൽ, മകളുടെ മരണ കാരണം മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനമാണെന്ന് ആരോപിച്ചു. നിരവധി തവണ അമിത ജോലിഭാരത്തെക്കുറിച്ച് മകൾ പറഞ്ഞിരുന്നെങ്കിലും, രാജിവെക്കാൻ തയ്യാറായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ഇനി ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ചൂണ്ടികാണിച്ചുകൊണ്ട് EY ചെയർമാന് കുടുംബം കത്ത് നൽകി.
2024 മാർച്ചിൽ EY-യിൽ ജോയിൻ ചെയ്ത അന്ന, വിശ്രമമില്ലാതെ അധ്വാനിച്ചതായി അമ്മ പറയുന്നു. ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ധം അന്നയെ തളർത്തി, വാരാന്ത്യ അവധി പോലും ലഭിക്കാതെ ജോലിയെടുത്തു. മേലധികാരികളുടെ മാനസിക സമ്മർദ്ദം കൂടിയതോടെ ഉറക്കം നഷ്ടപ്പെട്ടു, ആരോഗ്യം മോശമായി. ഷെഡ്യൂൾ ചെയ്ത ജോലികൾക്ക് പുറമെ മാനേജർമാർ അധിക ജോലി നൽകിയിരുന്നതായും, ഇതൊന്നും ഔദ്യോഗിക രേഖകളിൽ ഉണ്ടാകാറില്ലെന്നും അനിത ചൂണ്ടിക്കാട്ടി. അന്നയുടെ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, മരണത്തിന് ആഴ്ചകൾക്ക് മുമ്പ് നെഞ്ചിൽ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ കാണിച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി.
EY കമ്പനി മനുഷ്യാവകാശത്തെ കുറിച്ച് പറയുന്ന കാര്യങ്ങളൊന്നും ജീവനക്കാരോട് കാണിക്കുന്നില്ലെന്നും, ജീവനക്കാരുടെ ആരോഗ്യവും മാനസിക നിലയും പരിഗണിച്ചുള്ള തൊഴിൽ സംസ്കാരത്തെ കുറിച്ച് ചിന്തിക്കണമെന്നും അനിത ആവശ്യപ്പെട്ടു. അന്നയുടെ മരണാനന്തര ചടങ്ങുകളിൽ കമ്പനിയിലെ ജീവനക്കാർ പങ്കെടുക്കാതിരുന്നത് വേദനിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്ന് EY ചെയർമാൻ കുടുംബത്തിന് മറുപടി നൽകിയിട്ടുണ്ട്.
Story Highlights: 26-year-old chartered accountant Anna Sebastian dies due to overwork at EY, family alleges workplace exploitation