തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. പൊതുസേവകർക്ക് നിർഭയമായി ജോലി ചെയ്യാൻ അവസരമുണ്ടാകണമെന്ന് നിരീക്ഷിച്ചാണ് കോടതി ഈ തീരുമാനമെടുത്തത്. ഇത്തരം കേസുകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് അജ്മൽ എന്നയാൾ കെഎസ്ഇബി ഓഫീസിൽ കയറി ആക്രമണം നടത്തിയെന്നായിരുന്നു പരാതി. സംഭവത്തിന് പിന്നാലെ അജ്മലിനെയും സഹോദരൻ ഷഹദാദിനെയും തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിലവിൽ റിമാൻഡിലാണ്.
അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബിൽ ഓൺലൈനായി അടച്ചിരുന്നെങ്കിലും കണക്ഷൻ വിച്ഛേദിച്ചെന്ന് പറഞ്ഞാണ് ഇവർ കെഎസ്ഇബി ഓഫീസിലെത്തിയത്. ഇതിന്റെ പേരിൽ യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. കെഎസ്ഇബി സിഎംഡിയുടെ നിർദേശപ്രകാരമാണ് കണക്ഷൻ വിച്ഛേദിച്ചതെന്നായിരുന്നു വാർത്തകൾ.