Headlines

Article, Awareness, Nipah

നിപ്പയെ കുറിച്ചറിയേണ്ടെതെല്ലാം; എങ്ങനെ നേരിടാം, മുൻകരുതലുകളും ലക്ഷണങ്ങളും.

നിപ്പ നേരിടാം മുൻകരുതലുകളും ലക്ഷണങ്ങളും

കേരളത്തിൽ മനുഷ്യരിൽ ആദ്യമായി നിപ്പ സ്ഥിതീകരിച്ചത് 2018 മെയ് 19 ന് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. എന്നാൽ ഒരു ഇടവേളക്ക് ശേഷം  കോഴിക്കോട് 12 വയസുകാരൻ മരണപെട്ടതോടെ നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുന്നു. അതിനാൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈറസ് ബാധയേറ്റ മൃഗങ്ങൾ, വവ്വാൽ, മനുഷ്യർ എന്നിവയിൽ നിന്നും  മനുഷ്യരിലേക്ക് പകരുകയും അത് മനുഷ്യരിൽ കടുത്ത രോഗത്തിനും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. 40% മുതൽ 75% വരെയാണ് നിപ്പ വൈറസ് രോഗത്തിന്റെ മരണ നിരക്ക്.

പലപ്പോഴും ആളുകളിൽ ഇത് ലക്ഷണങ്ങളില്ലാത്ത (സബ്ക്ലിനിക്കൽ) അണുബാധ മുതൽ അക്യൂട്ട് റെസ്പിറേറ്ററി അസുഖവും മാരകമായ എൻസെഫലൈറ്റിസും എന്നിങ്ങനെ പല രോഗങ്ങൾക്കും കാരണമാകുന്നു. പന്നി പോലുള്ള മൃഗങ്ങളിൽ ഈ വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകും. ഇത് കർഷകർക്ക് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.

മറ്റ് ബാധിത മേഖലകൾ

ലോകത്ത് ആദ്യമായി 1999 ൽ മലേഷ്യയിലെ പന്നി കർഷകർക്കിടയിലാണ് നിപ്പ വൈറസ് കണ്ടെത്തിയത്. ഇത് സിങ്കപ്പൂരിലെ ചിലയിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പിന്നീട് 2001 ൽ ബംഗ്ലാദേശിലാണ് നിപ്പ വൈറസ് ബാധ  റിപ്പോർട്ട്‌ ചെയ്തത്. 2001 മുതൽ 2008 വരെ, ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകുതിയോളം കേസുകളും രോഗബാധിതരായ രോഗികൾക്ക് പരിചരണം നൽകുന്നതിലൂടെയാണ് പകർന്നത്.

കൂടാതെ പശ്ചിമ ഇന്ത്യയിലും ഈ രോഗം ഇടക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 2001 ൽ ഇന്ത്യയിലെ സിലിഗുരിയിൽ വൈറസിന്റെ ബാധ റിപ്പോർട്ട്‌ ചെയ്തതിൽ 75% പേരും ആശുപത്രി ജീവനക്കാരോ സന്ദർശകരോ ആംയിരുന്നു. കംബോഡിയ, ഘാന, ഇന്തോനേഷ്യ, മഡഗാസ്കർ, ഫിലിപ്പൈൻസ്, തുടങ്ങി നിരവധി രാജ്യങ്ങളിലെ അറിയപ്പെടുന്ന പ്രകൃതിദത്ത ജലസംഭരണിയിലും വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ പകരാം?

രോഗിയെ പരിചരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവർക്ക്  രോഗം പകരാൻ സാധ്യത കൂടുതലാണ്.  തുമ്മൽ,ചുമ തുടങ്ങിയവയിൽ നിന്നാണ് രോഗം പകരാൻ സാധ്യത.

 രോഗബാധയുള്ള പഴംതീനി വവ്വാലുകളിൽ നിന്നുള്ള മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ അല്ലെങ്കിൽ പഴ ഉൽപന്നങ്ങൾ കഴിക്കുന്നതും വൈറസ് ബാധയ്ക്ക് കാരണമാകുന്നു. രോഗിയുടെ സ്രവങ്ങളുമായും വിസർജ്ജനങ്ങളുമായും അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരുന്നു.

സ്ഥിരീകരണം എങ്ങനെ?

 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകുകയും , പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിട്ടുള്ളവരായ വ്യക്തികളെയാണ് ലാബ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. അവരിൽ നിന്ന് രക്തം മൂത്രം തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത നീര് എന്നിവ പരിശോധനയ്ക്കായി അയച്ചാണ് രോഗം സ്ഥിതീകരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിപ്പ വൈറസ് വാഹകരാണ്  വവ്വാലുകൾ. പഴംതീനി വവ്വാലുകളെയാണ് സൂക്ഷിക്കേണ്ടത്. വീട്ടിലെ പഴം കായ്ക്കുന്ന മരങ്ങളിൽ നിന്ന് ഭക്ഷിക്കുകയാണെങ്കിൽ നാം കരുതലെടുക്കേണ്ടതുണ്ട്. കാരണം വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠങ്ങൾ അവ കഴിച്ച പഴങ്ങൾ ഇവയിൽ നിന്നെല്ലാം നിപ്പ വൈറസ് ബാധയേൽക്കാം. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള്, വവ്വാലുകൾ കടിച്ച ചാമ്പക്ക, മാമ്പഴം, പേരക്ക തുടങ്ങിയ പഴവർഗങ്ങൾ ഒഴിവാക്കുക.

രോഗലക്ഷണങ്ങള്‍

വൈറസ്  മനുഷ്യ ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷൻ പീരിയഡ് ) 4 മുതൽ 14 ദിവസം വരെയാണ്. എന്നാൽ ഇത് ചിലപ്പോൾ 21 ദിവസം വരെ ആകാൻ സാധ്യതയുണ്ട്. ശരീരത്തിൽ രോഗബാധയുണ്ടായാലും രോഗലക്ഷണങ്ങൾ പ്രകടമാകൻ ഇത്രയും ദിവസം വേണം. ഇൻക്യുബേഷൻ പിരീഡിൽ രോഗം പകരില്ല. രോഗം പകരാൻ മാത്രമുളള രോഗാണുക്കൾ ശരീര സ്രവങ്ങളിൽ ഈ കാലയളവിൽ ഉണ്ടാവുന്നില്ല.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് സാധാരണ ലക്ഷണങ്ങൾ. ചർദ്ദി, ചുമ, ക്ഷീണം, മനംപുരട്ടൽ, കാഴ്ചമങ്ങല്‍ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗം ശ്വാസകോശത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ നിപ്പ രോഗം ബാധിച്ച് രോഗലക്ഷണങ്ങൾ കാണിച്ച രണ്ട് ദിവസത്തിനകം കോമ സ്റ്റേജിൽ ആകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗി ഉപയോഗിച്ച സാധനങ്ങൾ എങ്ങനെ വൃത്തിയാക്കാം?

രോഗിയെ പരിചരിക്കുമ്പോൾ കയ്യുറകളും കാലുറകളും മാസ്കും ധരിക്കേണ്ടതുണ്ട്. വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ കലക്കി ഉണ്ടാക്കുന്ന ബ്ലീച്ചിങ് ലായനി ഒഴിച്ച് അരമണിക്കൂർ കഴിഞ്ഞ് മുറികൾ വൃത്തിയാക്കാം. പാത്രങ്ങളും ഇതുപോലെയാണ് അണുവിമുക്തമാക്കേണ്ടത്. വസ്ത്രങ്ങൾ പുഴുങ്ങി അലക്കുകയോ ആഴത്തിൽ കുഴിച്ചു മൂടുകയോ ചെയ്യാം. എല്ലാം കഴിഞ്ഞതിനു ശേഷം പരിചരിച്ച ആൾ കൈയും കാലും ദേഹവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

രോഗം നിയന്ത്രണവിധേയമാകുന്നത് എപ്പോൾ

അവസാനമായി രോഗം കണ്ടെത്തിയത് മുതൽ 42 ദിവസത്തെ കാലയളവിൽ മറ്റാർക്കും രോഗം വന്നില്ലെങ്കിൽ രോഗം നിയന്ത്രണവിധേയമായി എന്ന് പറയാം.

മുൻകരുതലെടുക്കാം

സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക്കേണ്ടതുണ്ട്.വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.

രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക….

രോഗിക്ക് ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആയിരിക്കണം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുവിമുക്തമാക്കേണ്ടതുണ്ട്.

രോഗം ഉണ്ടെന്നു സംശയിക്കുന്ന രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം.

രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും 95% വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന എൻ–95 മാസ്ക് ഉപയോഗിക്കുക .

ഐസൊലേഷൻ വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.

 രോഗികളുടെ കട്ടിലുകൾ തമ്മിൽ മിനിമം ഒരു മീറ്റർ അകലം എങ്കിലും ഉറപ്പാക്കുക.

Story Highlights: Everything You Should Know About the Nipah Virus

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; ശര്‍മിള മാധ്യമങ്ങള്‍ക...
കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം

Related posts