
വെളക്കുപ്പായത്തിലെ കളി അവസാനിപ്പിക്കാൻ രോഹിത് ശർമ തീരുമാനിച്ചതോടെ ആക്രമണ ക്രിക്കറ്റിന്റെ സമാനതകളില്ലാത്ത മുഖമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അന്യമാകുന്നത്. 12 വർഷം നീണ്ട കരിയറിൽ4,301 റൺസ് നേടിയ താരം കളി മതിയാക്കുന്നതോടെ രോഹിത്തിന്റെ പകരക്കാരനെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി ഇന്ത്യൻ ക്രിക്കറ്റിനു മുന്നിൽ വന്നു. പ്രതിഭകൾക്ക് കുറവില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയല്ലെങ്കിലും രോഹിത്തിനോളം പോന്നൊരു പ്രതിഭയെ അദ്ദേഹത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് കണ്ടറിയണം.
കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, സായ് സുദർശൻ, ഋതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, കരുൺ നായർ ഉൾപ്പെടെയുള്ളവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെങ്കിലും ‘ഏതു സമയവും പൊട്ടിത്തെറിച്ച് കത്തിയുയരുന്ന ഓപ്പണർ’ സ്ഥാനത്തേക്ക് ആളെ വേണം. നിലവിൽ ശുഭ്മാൻ ഗിൽ ഓപ്പണർ സ്ഥാനത്തേക്ക് എത്തുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ വൺ ഡൗൺ പൊസിഷനിൽ ആരെ ഉപയോഗിക്കുമെന്നതാണ് ചോദ്യം. സച്ചിൻ ടെൻഡുൽക്കർ ചരിത്രമാക്കിയ നാലാം നമ്പറിൽ ഇപ്പോൾ കളിക്കുന്ന വിരാട് കോഹ്ലിയെ മൂന്നാം നമ്പറിലേക്ക് ഉയർത്താൻ സാധ്യതയില്ലെന്നിരിക്കെ മൂന്നാം നമ്പറിൽ പുതിയൊരാളെ പരീക്ഷിക്കേണ്ടി വരും.
നിലവിൽ ശ്രേയസ് അയ്യറെ പരീക്ഷിച്ചേക്കാൻ സാധ്യയുണ്ടെങ്കിലും അഞ്ചാം നമ്പറിലാകും താരം ഏറെ ശ്രദ്ധിക്കപ്പെടുകയെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിരാടിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയാൽ ശ്രേയസ് അയ്യർ നാലിലേക്കെത്താം. അതേ സമയം കെ.എൽ.രാഹുലിനെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിൽ മികച്ച ഫോമിലാണ് രാഹുൽ കളിക്കുന്നതെന്നതും അദ്ദേഹത്തിന്റെ സാധ്യത കൂട്ടുന്നു.
മറ്റൊരു സാധ്യത അജങ്ക്യ രഹാനെയെ തിരിച്ചു വിളിക്കാനുള്ള സാധ്യതയാണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ചൂഷണം ചെയ്യാൻ ഇന്ത്യ തീരുമാനിച്ചാൽ അതിൽ അതിശയോക്തിയില്ല. സർഫറാസും കരുണും സായിയും ടീമിൽ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും അവസാന ഇലവനിൽ ഉൾപ്പെടുമോയെന്ന് കണ്ടറിയണം.
രോഹിത് സൃഷ്ടിച്ച വിടവ് അതൊരു വിടവ് തന്നെയാണെന്ന് പറയുന്നതിനു പിന്നിൽ കാരണങ്ങളേറെയാണ്. എതിരാളിയെ വേഗത്തിൽ തല്ലിത്തുടങ്ങി അവരെ മാനസികമായി തളർത്തി മത്സരത്തിൽ കൃത്യമായ മേൽക്കൈ നേടുന്നതിൽ രോഹിത് വഹിച്ച പങ്ക് വളരെ വലുതാണ്. മുന്നിലൊരാൾ ആളിപ്പടരുമ്പോൾ പിന്നാലെ വരുന്നവരെങ്കനെ ജ്വലിക്കാതിരിക്കും. ഈയൊരു നയമാണ് സമീപ കാലത്ത് ഇന്ത്യ പ്രാവർത്തികമാക്കിയത്. ഇടയ്ക്ക് അതൊന്നു പാളിയെങ്കിലും രോഹിത് വലിയ തോതിൽ ഇന്ത്യയെ സ്വാധീനിച്ചിരുന്നു. ഇന്ത്യയുടെ പോരാട്ട വീര്യത്തെ പരമാവധി അപ്ഗ്രേഡ് ചെയ്തിരുന്നു.
സമകാലിക ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റർമാർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത 300 റൺസെന്ന മൈൽ സ്റ്റോണിലേക്കെത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന താരമാണ് രോഹിത്. ഗില്ലിനും ജെയ്സ്വാളിനും ആ നേട്ടത്തിലേക്കെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിലും അതിനേക്കാൾ മുൻ ടെസ്റ്റിൽ വ്യക്തി ഗത സ്കോർ 300 എന്ന സംഖ്യയിലേക്കെത്താൻ എന്തുകൊണ്ടും രോഹിത്തിന് കഴിയുമായിരുന്നു. ഏകദിനത്തിൽ അദ്ദേഹം കുറിച്ച സർവ കാല റെക്കാഡായ 264 ആണെന്നിരിക്കെ അതിലുമുയർന്നൊരു ടെസ്റ്റ് വ്യക്തി ഗത സ്കോർ ആരാധാകർ പ്രതീക്ഷിച്ചിരുന്നതുമാണ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരുടെയെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയർന്ന സ്കോർ ടെസ്റ്റിലേതാണ്. ഏകദിനത്തിലെ ഉയർന്ന സ്കോറിനേക്കാൾ വലിയ സ്കോർ മികവ് കാട്ടിയ ഇന്ത്യൻ ബാറ്റർമാരെല്ലാം നേടിയിട്ടുണ്ട്. അക്കൂട്ടത്തിൽ രോഹിത് മാത്രമാണ് വേറിട്ട് നിൽക്കുന്നത്. നൂറ് ശതമാനവും അദ്ദേഹമൊരു ഏകദിന ബാറ്റർ ആയത് കൊണ്ടാണങ്ങനെയെന്ന് വാദിക്കാമെങ്കിലും ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ ഒന്നര ദിവസം രോഹിത് ബാറ്റ് ചെയ്താൽ 300 അപ്രാപ്യമല്ല.
ഇനി പറയാൻ പോകുന്നതൊരു പ്രതീക്ഷയാണ്. അടിച്ചു തകർക്കുന്ന താരം 300 എന്ന മാന്ത്രിക സംഖ്യയിലെത്തണമെന്ന പ്രതീക്ഷ. അത് ഏകദിനത്തിലൂടെ ആണെങ്കിലോ. 50 ഓവർ തികച്ച് ബാറ്റ് ചെയ്താൽ ഒരു പക്ഷേ അത് സംഭവിച്ചേക്കാം. രോഹിത് ശർമ ആയതു കൊണ്ട് അതിൽ അത്ഭുതം കൂറേണ്ട കാര്യവുമില്ല. ഏകദിന ക്രിക്കറ്റ് അതാണോ രോഹിത്തിനു വേണ്ടി കാത്ത് വച്ചിരിക്കുന്നതെന്ന് കണ്ടറിയണം. രോഹിത് ‘ആത്മവിശ്വാസ’ത്തിന്റെ പര്യായം കൂടിയാണ്. ഏത് ലക്ഷ്യത്തിലേക്കും സധൈര്യം പൊരുതാൻ പോന്ന ‘സമാനതകളില്ലാത്ത പോരാട്ട വീര്യ’ത്തിന്റെ പര്യായം.