കൊൽക്കത്തയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് നടന്ന സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധം, ബംഗ്ലാ ബന്ദ്, ബിജെപിയുടെ ധർണ എന്നിവയുടെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ രണ്ടു ദിവസത്തെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി. അതേസമയം, മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും പ്രതിഷേധിക്കുന്ന ഡോക്ടർമാരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മമത പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നു. മക്കളില്ലാത്ത മമതയ്ക്ക് തങ്ങളുടെ വേദന മനസ്സിലാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിൽ തീപടർന്നാൽ, ഡൽഹിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ചാമ്പലാകുമെന്ന മമതയുടെ പരാമർശത്തിൽ ബിജെപി ഡൽഹി പൊലീസിൽ പരാതി നൽകി.
കേസിലെ മുഖ്യപ്രതി സഞ്ജയ് റോയുടെ അടുത്ത സുഹൃത്ത് എ എസ് ഐ അനുപ് ദത്തയെ സിബിഐ നുണപരിശോധനക്ക് വിധേയനാക്കും. കുറ്റകൃത്യത്തെക്കുറിച്ച് ഇയാൾക്ക് നേരത്തെ അറിവുണ്ടായിരുന്നോ എന്നതാണ് അന്വേഷിക്കാനുള്ളത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു.
Story Highlights: High alert in Kolkata following female doctor’s murder case and protests