ബെംഗളൂരുവിലെ രാമനഗരയില് ഒരു യുവതി തന്റെ സ്വന്തം കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവം പുറത്തുവന്നു. ഭര്ത്താവിന്റെ ലക്ഷങ്ങളുടെ കടം വീട്ടാനാണ് യുവതി ഈ കൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ വില്ക്കാന് സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ ഏഴിനാണ് യുവതിയുടെ ഭര്ത്താവ് 30 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില് പരാതി നല്കിയത്. ഭാര്യക്ക് കൃത്യത്തില് പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതിനാല് കുഞ്ഞിനെ വില്ക്കാമെന്ന് യുവതി നേരത്തെ ഭര്ത്താവിനോട് പറഞ്ഞെങ്കിലും അദ്ദേഹം അതിനെ എതിര്ത്തിരുന്നു.
എന്നാല് കുറച്ചു ദിവസങ്ങള്ക്ക് ശേഷം യുവാവ് ജോലി കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയപ്പോള് കുഞ്ഞിനെ കാണാനില്ലായിരുന്നു. കുഞ്ഞിന് സുഖമില്ലാത്തതിനാല് ഡോക്ടറെ കാണിക്കാന് ബന്ധുവിനൊപ്പം അയച്ചതായി യുവതി ആദ്യം പറഞ്ഞു. എന്നാല് പിറ്റേന്നും കുഞ്ഞിനെ കാണാതിരുന്നതോടെ സംശയം തോന്നിയ യുവാവ് പോലീസില് പരാതി നല്കി.
വനിതാ പോലീസ് യുവതിയെ ചോദ്യം ചെയ്തപ്പോള് ആദ്യം നുണ പറഞ്ഞെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തി. കുഞ്ഞിനെ ബെംഗളൂരുവിലെ മറ്റൊരു യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റതായി അവര് സമ്മതിച്ചു. ഉടന് തന്നെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈല്ഡ് വെല്ഫെയര് ഹോമിലേക്ക് മാറ്റി. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ഈ ദമ്പതികളെന്നും അന്വേഷണത്തില് വ്യക്തമായി.
Story Highlights: Woman sells her own baby for 1.5 lakhs to clear husband’s debt in Bengaluru