കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
ഇക്കഴിഞ്ഞ 24 ന് രാത്രിയാണ് അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പം ഫസീല ലോഡ്ജിൽ മുറിയെടുത്തത്. സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പരും മേൽവിലാസവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 25 ന് രാത്രി പത്തുമണിയോടെ എടിഎമ്മില് നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ സനൂഫ് പിന്നീട് തിരിച്ച് എത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കാർ പാലക്കാട് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛൻ മുഹമ്മദ് മാനു ആവശ്യപ്പെട്ടിരുന്നു. തന്റെ മകൾക്ക് സംഭവിച്ചത് മറ്റു സ്ത്രീകൾക്ക് സംഭവിക്കരുതെന്നും മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Story Highlights: Woman found dead in Kozhikode lodge; postmortem report confirms murder, police issue lookout notice for suspect