കൊല്ലം ജില്ലയിലെ അഞ്ചല് കളംകുന്ന് ഫോറസ്റ്റ് സെക്ഷനിൽ വീണ്ടും മൃഗവേട്ട നടന്നതായി റിപ്പോർട്ട്. ഇറച്ചിക്ക് വേണ്ടി കാട്ടുപോത്തിനെ വേട്ടയാടി കൊന്നതായാണ് വിവരം. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കുന്നതിൽ വീഴ്ചവരുത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഈ മാസം പതിനഞ്ചാം തീയതിയാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്നാണ് പ്രാഥമിക നിഗമനം. പതിനാറാം തീയതി ഏരൂര് ഓയില് പാം എസ്റ്റേറ്റില് നിന്ന് കളംകുന്ന് സെക്ഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തി. എന്നാൽ ആദ്യ ഘട്ടത്തിൽ വനം വകുപ്പ് കേസെടുക്കാൻ തയ്യാറായില്ല. പശുവിന്റെ ഇറച്ചിയാണെന്ന് തെറ്റിദ്ധരിച്ചാണ് കേസെടുക്കാത്തതെന്ന വിശദീകരണമാണ് ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ നൽകിയത്.
പിന്നീട് ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്. 21ന് മാത്രമാണ് കേസ് രജിസ്റ്റര് ചെയ്തത്. വന്യ മൃഗങ്ങളെ സ്ഥിരമായി വേട്ടയാടുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിലവിൽ ഒരു പ്രതിയെപോലും പൊലീസ് പിടികൂടിയിട്ടില്ല.
Story Highlights: Wild buffalo hunted for meat in Kollam district, Kerala; forest officials accused of negligence in case registration