വയനാട്ടിലെ ആദിവാസി വിഭാഗത്തില്പ്പെട്ട മധ്യവയസ്കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില് രണ്ട് പ്രതികള്ക്കായി പൊലീസ് തീവ്രമായി അന്വേഷണം നടത്തുകയാണ്. പനമരം സ്വദേശികളായ നബീല് കമര് ടിപി (25), വിഷ്ണു .കെ എന്നിവരാണ് ഇപ്പോഴും പിടിയിലാകാത്തത്. ഇവര് സംസ്ഥാനം വിട്ടതായാണ് സൂചന. ഇവരെ കണ്ടെത്താന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിരാം, മുഹമ്മദ് അര്ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്ഡ് ചെയ്തിരിക്കുകയാണ്. ആക്രമണത്തില് പരുക്കേറ്റ കൂടല്ക്കടവ് സ്വദേശി മാതന് മാനന്തവാടി മെഡിക്കല് കോളേജില് ചികിത്സയില് തുടരുന്നു.
പരിക്കേറ്റ മാതനെ മന്ത്രി ഒ ആര് കേളു സന്ദര്ശിച്ചു. സംഭവത്തില് കര്ശന നടപടി സ്വീകരിക്കാന് നിര്ദേശം നല്കിയതായി മന്ത്രി അറിയിച്ചു. ഒളിവില് കഴിയുന്ന പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ വെളിവാക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പ്രതികള് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന് പ്രതികരിച്ചു. കൂടല്കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മുന്പരിചയമില്ലാത്ത ആളുകളാണ് തന്നെ ആക്രമിച്ചതെന്നും ഈ സംഘം മറ്റ് പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നതായും മാതന് പറഞ്ഞു.
വയനാട് മാനന്തവാടി കൂടല് കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്. വിനോദ സഞ്ചാരികളാണ് കാറില് കൈ ചേര്ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്ഭാഗത്തും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Police intensify search for two suspects in Wayanad tribal man dragging case