മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. പ്രഖ്യാപിച്ച 11 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി കൈമാറിയത്. മന്ത്രി ഒ. ആർ. കേളു, കളക്ടർ തുടങ്ങിയവർ രാധയുടെ വീട്ടിലെത്തിയാണ് സഹായധനം കൈമാറിയത്. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ ഐഎഫ്എസിനെ ഓപ്പറേഷൻ കമാൻഡറായി ഇൻസിഡന്റ് കമാൻഡ് രൂപീകരിച്ചു.
പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. നോർത്ത് വയനാട് ഡിവിഷനിൽ നിന്നുള്ള ക്യാമറ ട്രാപ്പുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ പിടികൂടാനുള്ള കൂടുകൾ പഞ്ചാരക്കൊല്ലിയിൽ സ്ഥാപിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടർമാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയിൽ ഒരുക്കിയ ബേസ് ക്യാമ്പിൽ സുൽത്താൻ ബത്തേരി ആർആർടി അംഗങ്ങളെ കൂടി നിയോഗിച്ചു. നോർത്തേൺ സർക്കിൾ സിസിഎഫ് കെ.എസ്.ദീപ ഐഎഫ്എസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് മേൽനോട്ടം വഹിക്കുന്നു. ബിഎൻഎസ്എസ് 163 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Story Highlights: Emergency financial assistance has been provided to the family of Radha, who was killed in a tiger attack in Mananthavady, Wayanad.