വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ രാധ എന്ന ആദിവാസി യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടി നഗരസഭയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. മരിച്ച രാധയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 11 ലക്ഷം രൂപ ധനസഹായത്തിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. നോർത്ത് വയനാട് ഡിഎഫ്ഒ ശ്രീ. മാർട്ടിൻ ലോവൽ ഐഎഫ്എസിനെ ഓപ്പറേഷൻ കമാൻഡറായി നിയമിച്ചു.
പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നരഭോജി കടുവയെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലിയിൽ ഒരുക്കിയ ബേസ് ക്യാമ്പിൽ സുൽത്താൻ ബത്തേരി ആർആർടി അംഗങ്ങളെയും നിയോഗിച്ചു. നോർത്ത് വയനാട് ഡിവിഷനിൽ നിന്നുള്ള ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ എസ്ഡിപിഐയും നഗരസഭ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടർമാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനായി പഞ്ചാരക്കൊല്ലി പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചു. നോർത്തേൺ സർക്കിൾ സിസിഎഫ് കെ.എസ്.ദീപ ഐഎഫ്എസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നുണ്ട്. ബിഎൻഎസ്എസ് 163 പ്രകാരമാണ് നിരോധനാജ്ഞ.
Story Highlights: Following a fatal tiger attack in Wayanad, a hartal has been called and financial aid provided to the victim’s family.