വയനാട്ടിലെ കടുവാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ സർക്കാർ സജീവമായി രംഗത്തെത്തി. വയനാട്ടിലെ ആറ് റേഞ്ചുകളിലും മൂന്ന് ദിവസം ജനകീയ പരിശോധന നടത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന നടക്കുക. ആവശ്യമെങ്കിൽ പൊലീസ് സേവനവും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ഭയം പരിഹരിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായി അടിക്കാടുകൾ വെട്ടിമാറ്റുന്നതിനൊപ്പം ജനപ്രതിനിധികളുടെയും സഹകരണം തേടും. ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കുമെന്നും പ്രിയദർശിനി എസ്റ്റേറ്റ് തൊഴിലാളികൾക്ക് കർഫ്യൂ ദിനങ്ങളിലെ വേതനം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കഴിഞ്ഞ 24-നാണ് കടുവാ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടത്. വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയാണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോയപ്പോഴാണ് രാധയ്ക്ക് നേരെ കടുവ ആക്രമണം ഉണ്ടായത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടിരുന്നു. വയനാട്ടിലെ ആറ് റേഞ്ചുകളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വീടിന് സമീപത്ത് ചത്ത നിലയിൽ കണ്ടെത്തിയ കടുവ രാധയെ കൊന്ന കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി.
കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായ മുറിവുകളാണിതെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ കടുവയുടെ മുറിവുകളാണ് മരണകാരണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Story Highlights: Minister AK Saseendran announced a three-day public inspection in six ranges of Wayanad following the tiger attack.