**വയനാട്◾:** വയനാട് നെൻമേനി ചീരാൽ – നമ്പ്യാർകുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. കല്ലൂർ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
ചീരാൽ നമ്പ്യാർ കുന്ന് മേഖലയിൽ ആഴ്ചകളായി പുലി ശല്യമുണ്ടായിരുന്നു. ഇതുവരെ 12 വളർത്തുമൃഗങ്ങളെ പുലി പിടികൂടി. ഇതിൽ ആറെണ്ണത്തിനെ കൊന്നു തിന്നു.
കല്ലൂർ ശ്മശാനത്തിന് അടുത്താണ് വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചത്. 17 ദിവസത്തിനു ശേഷം പുലി കൂട്ടിലായിരിക്കുകയാണ്. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മാത്രമേ പുലിയെ തുറന്നുവിടുന്ന കാര്യം പരിഗണിക്കൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വളർത്തു നായ്ക്കളും, ആടുകളും, പശുക്കുട്ടികളും പുലി പിടികൂടിയവയിൽ ഉൾപ്പെടുന്നു.
തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പാടന്തുറൈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങിയത് ജനങ്ങളിൽ ഭീതിയുളവാക്കി. രണ്ട് കാട്ടാനകളാണ് ഈ പ്രദേശത്ത് ഭീതി പരത്തിയത്. ഒരു മാസത്തിൽ ഏറെയായി ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്.
നീലഗിരി ഗൂഡല്ലൂർ പാടന്തുറൈയിൽ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ തുരത്തി. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: വയനാട്ടിൽ ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി