എൻ.എം. വിജയന്റെയും മകന്റെയും മരണത്തില് ആത്മഹത്യാ പ്രേരണക്കേസില് ഡിസിസി പ്രസിഡന്റ് എന്.ഡി. അപ്പച്ചനെയും കെ.കെ. ഗോപിനാഥനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വയനാട് ഡിസിസി ട്രഷററായിരുന്ന വിജയന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഈ കേസ്. സമയബന്ധിത കസ്റ്റഡിയിലെടുത്താണ് ഇരുവരെയും ചോദ്യം ചെയ്തത്. ഗോപിനാഥന്‍റെ ബത്തേരിയിലെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. ചോദ്യം ചെയ്യല് നാളെയും തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു.
രാവിലെ 10 മുതല് വൈകിട്ട് നാലു വരെയാണ് ചോദ്യം ചെയ്യല് നടന്നത്. കെ.കെ. ഗോപിനാഥനെ വിവിധ തെളിവുകളുടെ അടിസ്ഥാനത്തില് രണ്ടു ഘട്ടങ്ങളിലായി ചോദ്യം ചെയ്തു. വൈകുന്നേരത്തോടെ ഗോപിനാഥന്റെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട രേഖകള് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള് അറിയിച്ചു.
എന്.ഡി. അപ്പച്ചനില് നിന്ന് പ്രാഥമിക വിവരങ്ങള് ശേഖരിച്ച അന്വേഷണ സംഘം നാളെ വിശദമായി ചോദ്യം ചെയ്യും. ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണന് എംഎല്എയെ വ്യാഴം മുതല് ശനി വരെ കസ്റ്റഡിയില് ചോദ്യം ചെയ്യും. ഡിവൈഎസ്പി കെ.കെ. അബ്ദുള് ഷെരീഫിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല് നടന്നത്. തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്.
എന്നാല് പല ചോദ്യങ്ങള്ക്കും കൃത്യമായ ഉത്തരങ്ങള് ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു. പല ചോദ്യങ്ങള്ക്കും അറിയില്ലെന്നായിരുന്നു പ്രതികരണം. ഇരുവരെയും വെവ്വേറെയാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളില് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിലുള്ള ഒമ്പത് പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതി അനുവദിച്ച കസ്റ്റഡി കാലയളവില് പരമാവധി വിവരങ്ങള് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഡിഡിസി ഓഫീസ് അടക്കമുള്ള കോണ്ഗ്രസ് ഓഫീസുകളില് തെളിവെടുപ്പ് നടത്താന് കോടതി അനുമതി നല്കിയിട്ടുണ്ട്.
ഇടനിലക്കാരനാക്കി കോണ്ഗ്രസ് നേതാക്കള് നടത്തിയ നിയമനക്കോഴയുടെ ബാധ്യതയിലാണ് എന്.എം. വിജയന് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മകന് വിഷം നല്കി കൊല്ലുകയും ചെയ്തു. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള് എന്.എം. വിജയന് മരണക്കുറിപ്പില് എഴുതിയിരുന്നു. കഴിഞ്ഞ 18 നാണ് ആത്മഹത്യാ പ്രേരണ കേസില് ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉള്പ്പെടെയുള്ളവര്ക്ക് കല്പ്പറ്റ കോടതി കര്ശന വ്യവസ്ഥകളോടെ മുന്കൂര് ജാമ്യം അനുവദിച്ചത്.
Story Highlights: Wayanad DCC treasurer and son’s death case: DCC president and another leader questioned.