◾ സ്ത്രീ രക്ഷപ്പെട്ടത് ഓടുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി
വിതുര(തിരുവനന്തപുരം)◾ ബസ് കാത്ത് നിന്ന അൻപത്തിയഞ്ച് വയസ്സുകാരിയായ സ്ത്രീയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ. പേരൂർക്കട സ്വദേശിയായ ഓട്ടോ ഡ്രൈവർ വയ്ക്കഞ്ചി ഗോപൻ(ഗോപ കുമാർ– 47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയിരുന്നു സംഭവം. തേവിയോട് ജംക്ഷനിൽ നിന്ന സ്ത്രീയോട് ആനപ്പാറ ജംക്ഷനിൽ ഇറക്കാമെന്നു പറഞ്ഞ് ഇയാൾ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു.
ആനപ്പാറയിലേക്കുള്ള വഴി പോകാതെ തെറ്റായ വഴിയിലൂടെ കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ ഇവരെ കടന്നു പിടിച്ചു. സ്ത്രീ ബഹളം വച്ചതോടെ ഇവരെ ആനപ്പാറ ജംക്ഷനിൽ കൊണ്ടാക്കാമെന്നു പറഞ്ഞു അനുനയിപ്പിച്ച് ഇവരെ തിരിച്ചു വന്നു. ഇതിനിടെ പേരയം ജംക്ഷനു സമീപം എത്തിയപ്പോൾ പിന്നെയും പ്രതി കടന്നു പിടിച്ചു. തുടർന്ന് സ്ത്രീ ഓടുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി വിവരം ജംക്ഷനിൽ ഉണ്ടായിരുന്നവരോട് പറയുകയായിരുന്നു. ഇതിനിടെ പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തിൽ നിസ്സാര പരുക്കേറ്റ സ്ത്രീ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്ഐ: എസ്.എൻ.മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയിലേക്ക് എത്തിയത്. ഇയാൾക്കെതിരെ പത്തോളം പീഡന കേസുകൾ നിലവിലുണ്ട്. പേരൂർക്കട സ്വദേശിയായ ഇയാൾ അഞ്ച് വർഷമായി ആനപ്പാറ വയ്ക്കഞ്ചിയിലെ തന്റെ പെൺ സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്. ഇയാൾക്കെതിരെ 2014 ലാണ് കാപ്പ ചുമത്തിയത്. തുടർന്ന് ആറ് മാസത്തോളം ഇയാൾക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
Story Highlights: A man with prior charges under the Kerala Anti-Social Activities (Prevention) Act (KAPA) was arrested for attempting to assault a woman in Vithura, Thiruvananthapuram.