വിതുര(തിരുവനന്തപുരം)◾ പൊന്മുടി സംസ്ഥാന ഹൈവേയിൽ കാർ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് വിതുര സ്വദേശിയായ മണിയൻ സ്വാമി(85) മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആര്യനാട് വില്ലേജ് ഓഫിസർ തൊളിക്കോട് പനയ്ക്കോട് ചെറുവക്കോണം സ്വദേശി എസ്.പ്രമോദ് വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവത്തിൽ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഇദ്ദേഹം ഓടിച്ചിരുന്ന കാർ വിതുര പോലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ദിവസം മുൻപ് കണ്ടെത്തി. ഇതിനിടെ കാർ ഉടമയായ വില്ലേജ് ഓഫിസർ ഒളിവിൽപ്പോയി. അന്വേഷണം പുരോഗമിക്കവെയാണ് ഇന്നലെ ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാതാവിന് ഇൻസുലിൻ എടുക്കാൻ തിരിക്കിട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി വയോധികൻ റോഡിനു കുറുകെ കയറിയെന്നും മുന്നിൽ വാഹനം വേറെ വാഹനം ഉണ്ടായിരുന്നതിനാൽ അവസാന നിമിഷം വാഹനം വെട്ടിത്തിരിക്കാൻ കഴിഞ്ഞില്ലെന്നും വില്ലേജ് ഓഫിസർ മൊഴി നൽകിയതായി വിതുര സബ് ഇൻസ്പെക്ടർ എസ്.എൻ.മുഹ്സിൻ മുഹമ്മദ് പറഞ്ഞു.
വിതുരയിൽ സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാതിരുന്നതിനെ പൂവാട്ട് പള്ളിക്കു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മണിയൻ സ്വാമിയെ ആണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ ഇടിച്ചു തെറിപ്പിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോയി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി ക്ഷതമേറ്റ ഇദ്ദേഹത്തെ ആദ്യ വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി കാത്തിരിപ്പ് കേന്ദ്രത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
Story Highlights: വിതുരയിൽ കാറിടിച്ച് മണിയൻ സ്വാമി മരിച്ച കേസിൽ ആര്യനാട് വില്ലേജ് ഓഫീസർ എസ്.പ്രമോദ് അറസ്റ്റിലായി.