ഷൊർണൂർ◾ വിസ വാഗ്ദാനം ചെയ്തു ഒട്ടേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി ഹസ്ബുള്ള(46)യെ ആണ് തിരുവനന്തപുരം വിഴിഞ്ഞം പോലീസ് പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേരളത്തിൽ മിക്ക ജില്ലകളിൽ നിന്നും തട്ടിപ്പു നടത്തിയ പ്രതി കഴിഞ്ഞ കുറേക്കാലമായി പിടിയിലാകാതിരിക്കാൻ ട്രെയിൻ യാത്ര ചെയ്തും റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും തങ്ങിയ മുങ്ങി നടക്കുകയായിരുന്നു.
വിഴിഞ്ഞം പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ആർ. പ്രകാശ്, സബ് ഇൻസ്പെക്ടർ എം. പ്രശാന്ത്, എസ്സിപിഒമാരായ അരുൺ പി. മണി, രാമു പി.വി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശി അക്ബർ ഷാ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് രണ്ട് പേരിൽ നിന്നുമായി 58,200 രൂപ വാങ്ങി കബളിപ്പിച്ചതായാണ് പരാതി.
സംസ്ഥാനത്ത് പലയിടത്തും നിന്നും ഒട്ടേറെ പേരിൽ നിന്നും സമാന രീതിയിൽ പരാതി വന്നിരുന്നു. ലക്ഷങ്ങൾ പലരിൽ നിന്നായി ഇയാൾ തട്ടിയെന്നു പോലീസ് പറയുന്നു. നൂറിലേറെ പേരിൽ നിന്ന് തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഏറെയും സ്ത്രീകളാണ് കബളിപ്പിക്കപ്പെടലിനിരയായത്. ശ്രീകാര്യം സ്റ്റേഷനിൽ മോഷണത്തിന് കേസ് ഉണ്ടെന്നും പൊലീസ് അറിയിച്ചു. തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതലും തട്ടിപ്പുകൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: A man accused of defrauding numerous people of lakhs of rupees with false visa promises has been arrested in Shoranur.