വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷവും പക തീരാത്തതിനാലാണ് മൊബൈൽ ഫോണും കാറിന്റെ താക്കോലും ഉപേക്ഷിച്ചതെന്ന് അഫാൻ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാർഡ്വെയർ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.
ലത്തീഫിന്റെ ഭാര്യ സാജിത ബീവിയെ കൊലപ്പെടുത്തിയതും അഫാൻ പോലീസിനോട് സമ്മതിച്ചു. ലത്തീഫിനെ കൊലപ്പെടുത്തിയത് കണ്ടതിനാലാണ് ഭാര്യയെയും വകവരുത്തിയതെന്ന് അഫാൻ പോലീസിന് മൊഴി നൽകി. അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
പേരുമലയിലുള്ള അഫാന്റെ വീട്, എലിവിഷം വാങ്ങിയ നാഗരുകുഴിയിലെ സ്റ്റേഷനറി കട, മുളകുപൊടി, വെള്ളം, സിഗരറ്റ് എന്നിവ വാങ്ങിയ കട, ചുറ്റിക ഒളിപ്പിക്കാൻ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന് അഫാനെ കിളിമാനൂർ സ്റ്റേഷനിലേക്ക് മാറ്റി.
ബുധനാഴ്ച അഫാനെ വീണ്ടും കോടതിയിൽ ഹാജരാക്കും. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഫാനെ തിങ്കളാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അനുജൻ അഫ്സാൻ, സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വീണ്ടും തെളിവെടുപ്പിന് കോടതിയിൽ അപേക്ഷ നൽകും.
Story Highlights: The accused in the Venjaramoodu multiple murder case, Afan, was taken to various locations by the police for evidence collection.