തിരുവനന്തപുരം:പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്. ഡീലർ അപേക്ഷ നൽകുമ്പോൾതന്നെ നമ്പർ ലഭ്യമാക്കുന്ന രീതിയിൽ വാഹന സോഫ്റ്റ്വേറിൽ മാറ്റംവരുത്തും.
മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻ അപേക്ഷ പരിശോധിച്ച് രജിസ്ട്രേഷൻ അനുവദിക്കുന്ന വിധമാണ് ഇപ്പോഴുള്ളത്. എന്നാൽ ഇതിൽ താമസം നേരിടേണ്ടി വരുന്നുവെന്നാണ് വിൽപ്പനക്കാരുടെ പരാതിയുണ്ടായിരുന്നത്. വാഹനം നിരത്തിലിറക്കുന്നതിന് അനുവദിക്കുന്ന നമ്പറിൽ, അതിസുരക്ഷാ നമ്പർ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിക്കേണ്ടതുണ്ട്.
പൂർണമായും ഫാക്ടറിനിർമിത വാഹനങ്ങൾ പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ രജിസ്റ്റർ നടത്തുന്നത്. ഇനി അപേക്ഷയുംകൂടി പരിശോധനയ്ക്കു വിധേയമാക്കാതെ രജിസ്ട്രേഷൻ അനുവദിക്കുന്നത് കേന്ദ്ര മോട്ടോർവാഹന നിയമത്തിന്റെ ലംഘനമാണെന്ന് വിമർശനമുണ്ട്.
അതാത്ദിവസംതന്നെ അപേക്ഷകളിൽ തീർപ്പാക്കാറുണ്ടെന്നും നമ്പർപ്ലേറ്റ് തയ്യാറാക്കുന്നതിലുള്ള ഷോറൂമുകളിലെ താമസമാണ് പ്രശ്നകാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പുതിയ ചട്ടപ്രകാരം നമ്പർ അനുവദിക്കുന്നതോടെ രജിസ്ട്രേഷൻ പൂർണമാകും. പിന്നീട്ഓഫീസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് തയ്യാറാക്കുന്നത്. അപേക്ഷയിൽ ക്രമക്കേട് സംഭവിച്ചാൽ അനുവദിച്ച നമ്പർ റദ്ദ് ചെയ്യേണ്ടി വരും.
Story highlight : Vehicle registration process is completely transferred to the showroom.