പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വേടന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നിവയാണ് പ്രധാന ഉപാധികൾ. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. സമ്മാനമായി ലഭിച്ചത് പുലിപല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നുവെന്നും വേടൻ കോടതിയെ അറിയിച്ചു.
വേടനെതിരെ എടുത്ത പുലിപ്പല്ല് കേസിൽ വനംമന്ത്രിക്ക് വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേസ് എടുത്തതിന്റെ പശ്ചാത്തലമാകും മറുപടിയായി നൽകുക. കേസിൽ വേടന് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം. വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്തിനെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി.
വേടന്റെ മാനേജരുടെയും സഹായികളുടെയും മൊഴി രേഖപ്പെടുത്തും. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്ലാറ്റിൽ നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.
വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവ വികാസങ്ങൾക്ക് തുടക്കമായത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയിൽ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വനംവകുപ്പ് കേസെടുത്തത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
Story Highlights: Rapper Vedan arrested for possessing a leopard tooth, claims it was a gift and he was unaware of its nature.