യുകെയിലേക്കുള്ള ജോലി വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. ആലുവ സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മിയും പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിലും അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ചെങ്ങമനാട് വാടക വീട്ടിൽ താമസിച്ചിരുന്ന പ്രതികളെ പോലീസ് വളരെ നാളായി അന്വേഷിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മാളയിൽ വെച്ച് മഫ്തിയിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
2023 ആഗസ്റ്റ് മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ പല തവണകളായി ഇവർ പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പരാതിക്കാരനായ സജിത്തിൽ നിന്ന് നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം 12,84,000 രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. നിമ്മിയുടെ നിർദ്ദേശപ്രകാരം മറ്റ് അക്കൗണ്ടുകളിലേക്കും പണം കൈമാറ്റം ചെയ്തിട്ടുണ്ട്. സജിത്തിനും കൂട്ടുകാർക്കും വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്.
ആലുവ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, എസ്.ഐമാരായ കെ.എസ്. സുബിന്ദ്, ബിജു ജോസഫ്, എ.എസ്.ഐ ടി.ആർ. രജീഷ്, ഇ.പി. മിനി, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, പി.ടി. ദിപീഷ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, കെ.കെ. ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: Two arrested for visa fraud, promising UK jobs and extorting lakhs.