ഇടുക്കി പൂപ്പാറയിൽ റവന്യു വകുപ്പ് സീൽ ചെയ്ത വ്യാപാര സ്ഥാപനങ്ങൾ പൂട്ട് തകർത്ത് തുറന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പൂപ്പാറ സ്വദേശിയായ താമരപള്ളി ബാബു, പി എം എസ് ഹോട്ടൽ ഉടമ സെൽവം എന്നിവർക്കെതിരെയാണ് ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചത്. ഭൂ സംരക്ഷണ നിയമലംഘനം, സർക്കാർ വസ്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പന്നിയാർ പുഴ കൈയ്യേറി നിർമ്മിച്ച 56 കെട്ടിടങ്ങളാണ് പൂപ്പാറയിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റെടുത്ത് സീൽ ചെയ്തത്. കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ 7 കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തൽസ്ഥിതി തുടരണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ശനിയാഴ്ച വൈകിട്ട് രണ്ടുപേർ പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം തുറന്നു.
ഈ സംഭവം അറിഞ്ഞ പൂപ്പാറ വില്ലേജ് ഓഫീസർ പൊലീസിന്റെ സഹായത്തോടെ എത്തി കടകൾ വീണ്ടും സീൽ ചെയ്തു. സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ അനധികൃതമായി തുറന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂപ്പാറ വില്ലേജ് ഓഫീസർ ശാന്തൻപാറ പൊലീസിന് കത്ത് നൽകിയിരുന്നു. അതേസമയം, സുപ്രീംകോടതിയിൽ നിന്നും കടകൾ തുറക്കാൻ അനുമതി ഉണ്ടെന്നാണ് വ്യാപാരികളുടെ വാദം.
Story Highlights: Two people charged for breaking seals and reopening shops in Pooppara, Idukki, violating court orders