ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേരള സർക്കാർ, കെ. കെ രമ എന്നിവരടക്കമുള്ളവർക്കാണ് നോട്ടീസ് ലഭിച്ചത്.
6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികൾ നൽകിയ പ്രത്യേക അനുമതി ഹർജികളിലും അപ്പീലുകളിലുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ ബേല എം.
ത്രിവേദി, എസ്. സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികളുടെ ഹർജികൾ പരിഗണിച്ചത്.
ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും തങ്ങളുടെ വാദങ്ങൾ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാട്ടി. വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രമാണ് ഹൈക്കോടതി പരിഗണിച്ചതെന്നും അവർ ആരോപിച്ചു. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്.
20 വർഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഉത്തരവ്. പ്രതികളുടെ അപ്പീൽ തള്ളിയശേഷമാണ് ഹൈക്കോടതി ശിക്ഷ വർധിപ്പിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതികൾ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.