തൃശ്ശൂർ കൊടകര പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31 വയസുള്ള ഷനാസിനെ പൊലീസ് പിടികൂടി. നേരമിരുട്ടിയാൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ തേടി ബൈക്കിൽ സഞ്ചരിക്കുകയും അത്തരം സ്ഥലങ്ങളിൽ പതുങ്ងിയിരുന്ന് അതുവഴി വരുന്ന സ്ത്രീകളെ കടന്നുപിടിക്കുകയും ചെയ്തിരുന്ന വിരുതനാണ് പിടിയിലായത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം എന്നിവിടങ്ങളിൽ എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് പ്രതി ബൈക്കിൽ സഞ്ചരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിലെത്തുകയും ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്ന് പോകുന്നതോ, സ്കൂട്ടറിൽ പോകുന്നതോ ആയ സ്ത്രീകളുടെ പുറകിലൂടെ എത്തി കടന്നുപിടിച്ച് ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി.
പെട്ടെന്നുള്ള ഇയാളുടെ ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറ്റും മറിഞ്ഞു വീഴുന്നതും പതിവായിരുന്നു. മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വഴിവിളക്കില്ലാത്ത ഇടങ്ങളിലും ഇയാളെ പിടികൂടാൻ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. ഒന്നര വർഷമായി ഈ രീതിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ഇയാൾ ഭീതി പരത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പലരും പുറത്ത് പറയാൻ മടിയുള്ളതിനാൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിരുന്നില്ല. എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ പല സ്ത്രീകളും ഇത് വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും പൊലീസുമായി സഹകരിച്ചു. വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഡിവൈഎസ് പി. കെ. സുമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി.കെ. ദാസ്, എസ്ഐമാരായ വി.പി. അരിസ്റ്റോട്ടിൽ, ഇ.എ. സുരേഷ്, എഎസ്ഐമാരായ സജു പൗലോസ്, ആഷ്ലിൻ ജോൺ എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ ഷനാസിന് സമാന സംഭവത്തിൽ ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Police arrest man for attacking women on isolated roads in Thrissur