തൃശൂർ പോട്ടയിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയെക്കുറിച്ച് അന്വേഷണം ഊർജിതമായി മുന്നേറുകയാണെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ അറിയിച്ചു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അയാൾ എവിടേക്കാണ് പോയതെന്നും ഉപയോഗിച്ച വാഹനത്തെക്കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഒരു മുറിയിൽ പൂട്ടിയിടുകയായിരുന്നു. കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചാണ് പണം കവർന്നത്.
റൂറൽ മേഖലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി. പ്രതി ആലുവ റൂറൽ മേഖലയിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയിലും അന്വേഷണം നടക്കുന്നുണ്ട്. ബാങ്കിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് പട്ടാപ്പകൽ മോഷണം നടക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടാവ് ബാങ്കിലെത്തിയത് സ്കൂട്ടറിലാണെന്നും ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
കവർച്ച നടക്കുമ്പോൾ ബാങ്കിൽ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കാഷ് കൗണ്ടറിൽ 47 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്നും അതിൽ നിന്ന് മൂന്ന് ബണ്ടിലുകളാണ് നഷ്ടമായതെന്നും എസ് പി പറഞ്ഞു. പ്രതി ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഉച്ചയ്ക്ക് 2.12നാണ് ബാങ്കിലെത്തിയതെന്നും പോലീസ് അറിയിച്ചു. കവർച്ച നടക്കുമ്പോൾ ബാങ്കിൽ പ്യൂൺ മാത്രമാണുണ്ടായിരുന്നതെന്നും എസ്പി കൂട്ടിച്ചേർത്തു. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബാങ്കിൽ കവർച്ചയ്ക്കെത്തിയപ്പോൾ പ്രതി ഒറ്റയ്ക്കായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.
Story Highlights: Thrissur Rural SP B Krishnakuram says police have strong leads in the Federal Bank robbery case and are actively pursuing the suspect.